"വിസ ഓൺ അറൈവൽ"
- Lekshmi Devi C S
- Sep 28, 2019
- 1 min read
Updated: Jan 3, 2020
പല വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുമ്പോഴും മുൻകൂർ വിസയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്. എന്നാൽ തായ് ലൻഡിലേയ്ക്ക് പോകാൻ വിസ മുൻ കൂട്ടി എടുക്കണമെന്നില്ല .

പെട്ടെന്ന് ഒരു യാത്രയ്ക്ക് പുറപ്പെടാൻ ' വിസ ഓൺ അറൈവൽ' സൗകര്യം ഉപയോഗിക്കാവുന്നതാണ്. അതായത്, തായ് ലൻഡിൽ എത്തിയ ശേഷം എയർപോർട്ടിൽ തന്നെയുള്ള ഇമിഗ്രേഷൻ ചെക്ക് പോയിന്റിൽ നിന്ന് വിസ എടുക്കാം .ഇതിനായി താഴേ പറയുന്ന ചില രേഖകൾ കൈയ്യിൽ കരുതണമെന്നു മാത്രം.

1. യാത്ര പതിനഞ്ച് ദിവസത്തിൽ താഴേ ടൂറിസം ആവശ്യത്തിനുള്ളതാകണം.
2. തായ് ലൻഡ് എയർപോർട്ടിലെ ഇമിഗ്രേഷൻ കൗണ്ടറിൽ നിന്നു ലഭിക്കുന്ന വിസ ഓൺ അറൈവൽ അപേക്ഷയും ,നിങ്ങൾ യാത്ര ചെയ്യുന്ന വിമാനത്തിൽ നിന്നു ലഭിക്കുന്ന 'അറൈവൽ ഡിപാർച്ചർ' കാർഡും പൂരിപ്പിക്കുക .
3. ആറുമാസമെങ്കിലും വാലിഡിറ്റിയുള്ള പാസ്പോർട്ട്,(കുറഞ്ഞത് രണ്ട് ഒഴിഞ്ഞ പേജെങ്കിലും വിസ സ്റ്റാമ്പു ചെയ്യാനായി ഉണ്ടാകണം).
4. താമസിക്കാൻ ഉദ്ദേശിക്കുന്ന ഹോട്ടൽ ബുക്കിംഗിന്റെ രേഖകൾ.
5. ഉറപ്പായ റിട്ടേൺ ടിക്കറ്റിന്റെ കോപ്പി.
6. ഏകദേശം 10,000 തായ്ബത്ത്(23,500 ഇന്ത്യൻ രൂപ).
7. ഒരു 4x6cm പാസ്പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക് ഗ്രൗണ്ടായിരിക്കണം).
വിസ ഫീസ് 2,000 ,തായ്ബത്തിൽ തന്നെ നല്കണം.(എകദേശം4.650 ഇന്ത്യൻ രൂപ).

കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ചില പ്രത്യേക കാലയളവിൽ വിസാഫീസ് പൂർണമായും ഒഴിവാക്കാറുണ്ട് ഒക്ടോബർ 31 വരെ ഇളവ് നിലവിലുണ്ട്.

ഇമിഗ്രേഷൻ കൗണ്ടറിൽ നീണ്ട ക്യൂ ഉണ്ടാകാമെങ്കിലും നിരവധി കൗണ്ടറുകൾ ഉള്ളതുകൊണ്ട് അധികം വൈകാതെ വിസ ലഭിക്കും. ഇരുനൂറ് തായ് ബത്ത് അധികം നല്കിയാൽ എക്സ്പ്രസ് കൗണ്ടറിൽ നിന്ന് കുറച്ചു കൂടി വേഗത്തിൽ വിസ എടുക്കാം .
മതിയായ രേഖകൾ ഇല്ലെങ്കിൽ വിസ നിഷേധിക്കാനും സാധ്യതയുണ്ട്. അതു കൊണ്ട് യാത്ര പുറപ്പെടും മുമ്പ് രേഖകളുടെ കൃത്യത ഉറപ്പാക്കണം.
കൊച്ചിയിൽ നിന്നും എയർ ഏഷ്യയുടെ നേരിട്ടുള്ള വിമാനസർവ്വീസ് ലഭ്യമാണ്. ചില പ്രത്യേക കാലയളവിൽ ഇളവും ലഭിക്കാറുണ്ട്.

ചുരുങ്ങിയ ചിലവിൽ അവധിക്കാലം കുടുംബസമേതമോ, കൂട്ടുകാരുമൊത്തോ ,സോളോയായോ ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് തായ്ലൻഡ് . സെക്സ് ടൂറിസത്തിനും , നിശാ ജീവിതത്തിനും സു(കു) പ്രസിദ്ധമായ ഒരു ഹോട്ട് സ്പോട്ടാണെങ്കിലും മറ്റനേകം വിസ്മയ കാഴ്ചകളും വൈവിദ്ധ്യ സംസ്ക്കാരങ്ങളും ,ഒട്ടനവധി മ്യൂസിയങ്ങളും ,കൊച്ചു കൊച്ചു ദ്വീപുകളും ,ബുദ്ധക്ഷേത്രങ്ങളും മനോഹരങ്ങളായ കടൽത്തീരങ്ങളും ,വ്യത്യസ്ത രുചികളാലും സമ്പന്നമാണ് തായ് ലൻഡ് .

തായ് ലൻഡിന്റെ കാഴ്ചാ വിശേഷങ്ങൾ മറ്റൊരു ബ്ലോഗിൽ ഉടനെ. ...
Comments